കണ്ണൂർ: നടാൽ അടിപ്പാത വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ കണ്ണൂർ ജില്ലയിൽ എൻഎച്ച് 66ന്റെ പ്രവൃത്തികളൊന്നും തുടരാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി.
കണ്ണൂർ-തോട്ടട-തലശേരി റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാൻ നടാലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ നേരിട്ടു കണ്ട് കത്ത് നല്കുകയും പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തതാണ്. അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായിരുന്നു.
എന്നാൽ, ജില്ലയിലെ ഉദ്യോഗസ്ഥർ നല്കിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നേവരെ അടിപ്പാത വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകാതെ പോകുന്നത്. ആരും നാടിന്റെ വികസനത്തിനെതിരല്ല. എന്നാൽ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ചുകൊണ്ട് വികസനത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിച്ചാൽ അതിനെതിരേ പ്രതികരിക്കേണ്ടി വരും.
അശാസ്ത്രീയമായ ദേശീയപാത നിർമാണം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. അവസാനമായി തളിപ്പറമ്പ് കുപ്പം ദേശീയപാതയിൽ വീണ്ടുമുണ്ടായ മണ്ണിടിച്ചിലിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. നോർത്ത് കുപ്പത്ത് കാൽനട യാത്രക്കാർക്കായി അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിക്കുന്ന സർവീസ് റോഡിന്റെ അവസ്ഥ അതിശോചനീയമാണ്.
ചാലക്കുന്നിൽ നിർമിച്ച സർവീസ് റോഡിന്റെ നിലവിലെ അവസ്ഥ ദേശീയപാത ഉദ്യോഗസ്ഥർ നേരിട്ടു പോയി വിലയിരുത്തേണ്ടതാണ്.
സർവീസ് റോഡിന്റെ ശോച്യാവസ്ഥ കാരണം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമാണ്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ ഭാഗത്തു നിന്നും സത്വര നടപടി ആവശ്യമാണെന്നും പ്രക്ഷോഭത്തിന്റെ പാതയിലിറങ്ങാൻ ജനങ്ങളെ നിർബന്ധിതരാക്കരുതെന്നും കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു.